ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം മിണ്ടിയും പറഞ്ഞും സൺ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമിൽ ഫെബ്രുവരി ആറു മുതൽ സ്ട്രീമിംഗ് ആരംഭിച്ചു.
വൈകാരികമായ സത്യസന്ധതയ്ക്കും പക്വതയ്ക്കും ദേശീയതലത്തിൽ തന്നെ അംഗീകാരം നേടിയ ഒരു ഇമോഷണൽ ഡ്രാമയായിരുന്നു മിണ്ടിയും പറഞ്ഞും. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
യുഎഇയിൽ ജോലിചെയ്യുന്ന സനലും, കേരളത്തിൽ താമസിക്കുന്ന ലീനയും തമ്മിലുള്ള ബന്ധമാണ് കഥയുടെ അടിസ്ഥാനം. ദൂരം കാരണം പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നുണ്ടെങ്കിലും വികാരപരമായി ഒരേ മനസിൽ സഞ്ചരിക്കുന്ന രണ്ടുപേർ തമ്മിലുള്ള അടുപ്പവും, ബന്ധം നിലനിർത്തുന്നതിന് വേണ്ടിയുള്ള അവരുടെ വിട്ടുവീഴ്ചകളും, ദൈനംദിന നിമിഷങ്ങളും മലയാളികൾക്ക് മനസിലാകുന്ന രീതിയിൽ വളരെ ശക്തമായ വികാര നിമിഷങ്ങളാൽ സമ്പന്നമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സാഹചര്യങ്ങൾ കൊണ്ട് രണ്ടു കോണുകളിലായി പിരിഞ്ഞു താമസിക്കേണ്ടി വന്ന ആളുകൾക്ക് പെട്ടെന്ന് കണക്ട് ആകുന്ന നിരവധി നിമിഷങ്ങൾ ഈ ചിത്രത്തിലുണ്ട്.
ലൂക്കാ, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സംവിധായകൻ അരുൺ ബോസ് തൻറെ ട്രേഡ് മാർക്ക് ആയ കഥ പറച്ചിൽ രീതിയിൽ ഇമോഷണൽ ഡീറ്റൈലിങ്ങിന് കൂടുതൽ പ്രാധാന്യം കൊടുത്തും പ്രകടനങ്ങൾക്ക് ഒരുപാട് സാധ്യത നൽകിയും ആണ് കഥ ഒരുക്കിയിരിക്കുന്നത്.